mlhometop

Brain Food for Kids :

കുട്ടികളുടെ ബുദ്ധിവികാസത്തെ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

കുട്ടികളുടെ മസ്തിഷ്കം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ നല്ല പോഷകാഹാരം അവഗണിക്കുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ വിവിധ വശങ്ങളിൽ ദീർഘകാല സ്വാധീനം ചെലുത്തും.

Brain Food for Kids

ശരിയായ ഭക്ഷണം കഴിക്കുന്നത് കുട്ടിയുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. കുട്ടികളുടെ മസ്തിഷ്കം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ നല്ല പോഷകാഹാരം അവഗണിക്കുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ വിവിധ വശങ്ങളിൽ ദീർഘകാല സ്വാധീനം ചെലുത്തും.

നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താനും അവയിൽ മികച്ച മെമ്മറി, ഏകാഗ്രത, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ആറ് മാസത്തിനും രണ്ട് വയസ്സിനും ഇടയിൽ പ്രായമുള്ള ഏകദേശം 3 കുട്ടികളിൽ 2 പേർക്ക് അവരുടെ അതിവേഗം വളരുന്ന ശരീരത്തെയും തലച്ചോറിനെയും പിന്തുണയ്ക്കുന്ന ഭക്ഷണം നൽകുന്നില്ല

Brain Food for Kids

ഇത് അവരുടെ മസ്തിഷ്ക വികസനം, ദുർബലമായ പഠനം, കുറഞ്ഞ പ്രതിരോധശേഷി, വർദ്ധിച്ചുവരുന്ന അണുബാധകൾ കൂടാതെ, പല രോ​ഗങ്ങൾക്കും കാരണമാകുന്നതായി യുണിസെഫ് വ്യക്തമാക്കുന്നു. 'നല്ല ആരോഗ്യത്തിനും മെച്ചപ്പെട്ട തലച്ചോറിന്റെ വികാസത്തിനും പോഷകാഹാരം വളരെ പ്രധാനമാണ്. മെച്ചപ്പെട്ട പോഷകാഹാരം ശിശുക്കളുടെയും കുട്ടികളുടെയും അമ്മയുടെയും ആരോഗ്യം, ശക്തമായ പ്രതിരോധ സംവിധാനങ്ങൾ

സുരക്ഷിതമായ ഗർഭധാരണവും പ്രസവവും, ജീവിതശൈലി തകരാറുകൾ (പ്രമേഹം, പൊണ്ണത്തടി എന്നിവ പോലുള്ളവ), എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മതിയായ പോഷകാഹാരമുള്ള ആരോഗ്യമുള്ള കുട്ടികൾ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരും മികച്ച ഓർമ്മശക്തിയുള്ളവരുമാണ്.

പൂനെയിലെ കല്യാണിനഗറിലെ ക്ലൗഡ്നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ ന്യൂട്രീഷ്യനിസ്റ്റ് പ്രിസില്ല മരിയൻ പറയുന്നു. കുട്ടികൾക്കായി ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന ചില സൂപ്പർ ഫുഡുകളെ കുറിച്ചും പ്രിസില്ല പറയുന്നു.

പച്ച ഇലക്കറികൾ...

വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ധാതുക്കളുടെയും ഭക്ഷണ നാരുകളുടെയും സമൃദ്ധമായ ഉറവിടമാണ് പച്ച ഇലക്കറികൾ. വിറ്റാമിൻ എ, ബി, ഇ, കെ, സി എന്നിവയ്‌ക്കൊപ്പം ബീറ്റാ കരോട്ടിൻ, ഫോളേറ്റ് എന്നിവ ശരിയായ മസ്തിഷ്ക വികാസത്തിന് സഹായിക്കുന്നു

പച്ച ഇലക്കറികളിൽ കൊഴുപ്പ് കുറഞ്ഞ ഉള്ളടക്കം ഉള്ളതിനാൽ ആരോഗ്യകരമായ വികസനം നൽകുന്നതിന് എല്ലാ പോഷകങ്ങളും ശരിയായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇലക്കറികളിലെ ഫോളേറ്റ് ഉള്ളടക്കം വളരുന്ന കുട്ടികളുടെ തലച്ചോറിനെ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

മുട്ടയും മത്തിയും.

മുട്ടയുടെ മഞ്ഞക്കരു, സാൽമൺ, മത്തി തുടങ്ങിയവയിൽ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡ്, ഡിഎച്ച്എ തുടങ്ങിയ കൊഴുപ്പുകളാണ് മനുഷ്യ മസ്തിഷ്കം നിർമ്മിച്ചിരിക്കുന്നത്. നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും കാഴ്ചശക്തി നിലനിർത്താനും ഉപാപചയം വേഗത്തിലാക്കാനും സഹായിക്കുന്നു

Brain Food for Kids

ഈ സൂപ്പർഫുഡുകൾ തലച്ചോറിനെയും നാഡീകോശങ്ങളെയും നിർമ്മിക്കുകയും അങ്ങനെ പഠനശേഷിയും ഓർമ്മശക്തിയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ സൂപ്പർഫുഡുകളുടെ ഉപയോഗം കുറവാണെങ്കിൽ അത് ഓർമ്മക്കുറവിനും ഒരു പരിധിവരെ വിഷാദത്തിനും കാരണമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

ഓട്സ്.

നാരുകൾ അടങ്ങിയതും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സുള്ളതും കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളുള്ളതുമായ ഭക്ഷണമാണ് ഓട്സ്. ഇത് ശരീരത്തിനും തലച്ചോറിനും സ്ഥിരമായ ഊർജ്ജം പ്രദാനം ചെയ്യുകയും കുട്ടികളെ മാനസികമായി ഉണർത്തുകയും ചെയ്യുന്നു. 

ഇത് മലബന്ധം കുറയ്ക്കുന്നു. കുടലിൽ ആരോഗ്യകരമായ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നുയ ശരീരഭാരം നിലനിർത്താൻ സഹായിക്കുന്നു. ഓട്സ് പാലിൽ ഓഴിച്ചോ അല്ലാതെയോ കുട്ടികൾക്ക് നൽകാം.

ബെറിപ്പഴങ്ങൾ...

ബ്ലാക്ബെറി, ബ്ലൂബെറി, സ്ട്രോബെറി, ചുവന്ന ചെറി തുടങ്ങിയ പഴങ്ങൾ മെമ്മറി പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ആന്തോസയാനിനുകളുടെയും മറ്റ് ഫ്ലേവനോയ്ഡുകളുടെയും മികച്ച ഉറവിടങ്ങളാണ്. ഇവ ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. 

ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തെ മെച്ചപ്പെടുത്തുകയും ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം എന്നിവയും ബെറികളിൽ അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെയും സന്ധികളുടെയും ബലവും ഇലാസ്തികതയും നിലനിർത്താൻ സഹായിക്കുന്നു.

നട്സ്...

നട്സിൽ ആരോഗ്യകരമായ കൊഴുപ്പുകളും നിരവധി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. തലച്ചോറിനോട് സാമ്യമുള്ള വാൾനട്ട് ഒമേഗ-3 ഫാറ്റി ആസിഡുകൾ നൽകിക്കൊണ്ട് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നിലക്കടല, ബദാം, പിസ്ത, കശുവണ്ടി തുടങ്ങിയ എല്ലാ നട്സുകളിലും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനായി  ഊർജ്ജം നൽകാൻ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്

മത്തങ്ങ വിത്ത്, ചിയ വിത്തുകൾ ഫ്ളാക്സ് സീഡുകൾ തുടങ്ങിയവും നാരുകളാൽ സമ്പുഷ്ടമാണ്. ഇവ കുട്ടികളുടെ വൈജ്ഞാനിക കഴിവുകളുടെ മൊത്തത്തിലുള്ള ആരോഗ്യവും വികാസവും മെച്ചപ്പെടുത്തുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. വളരുന്ന കുട്ടികളുടെ ശരീരത്തിന് എല്ലായ്പ്പോഴും ഈ ഭക്ഷണങ്ങൾ ആവശ്യമാണ്. ഇത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് മാത്രമല്ല മൊത്തത്തിലുള്ള വികസനത്തിനും നല്ല ആരോഗ്യത്തിനും സഹായിക്കുന്നു

അതിനാൽ, ദിവസവും കഴിക്കുന്ന എല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും സന്തുലിതാവസ്ഥ നിലനിർത്താനും ഭക്ഷണത്തിനിടയിൽ ശരിയായ സമയം നിലനിർത്താനും കുട്ടികൾക്ക് നന്നായി വളരാനും പഠിക്കാനും വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാക്കാനും ശ്രദ്ധിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു.
Previous Post Next Post
CLOSE ADS
CLOSE ADS