നല്ല ആരോഗ്യത്തിന് വേണം നല്ല രോഗപ്രതിരോധശേഷി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
പുറത്തുള്ള വൈറസ്, ബാക്ടീരിയ, മറ്റു രോഗകാരികൾ എന്നിവയെല്ലാം നമ്മുടെ ശരീരത്തിലേക്കു കടക്കാൻ ശ്രമിക്കുമ്പോൾ, അവയെ ചെറുക്കാൻ നമ്മുടെ ശരീരത്തിൽ തന്നെയുള്ള സംവിധാനമാണ് പ്രതിരോധശേഷി.
ആരോഗ്യമുള്ള ശരീരത്തിന്‍റെ ലക്ഷണമാണ് രോഗപ്രതിരോധശേഷി അഥവാ ഇമ്മ്യൂണിറ്റി. ഒരു വ്യക്തിക്ക് എത്രത്തോളം പ്രതിരോധശേഷിയുണ്ടോ അത്രത്തോളം അസുഖങ്ങൾ വരാനുള്ള സാധ്യതയും കുറവാണ്. പുറത്തുള്ള വൈറസ്, ബാക്ടീരിയ,
മറ്റു രോഗകാരികൾ എന്നിവയെല്ലാം നമ്മുടെ ശരീരത്തിലേക്കു കടക്കാൻ ശ്രമിക്കുമ്പോൾ, അവയെ ചെറുക്കാൻ നമ്മുടെ ശരീരത്തിൽ തന്നെയുള്ള സംവിധാനമാണ് പ്രതിരോധശേഷി. പ്രായത്തിന്‍റെ വ്യത്യാസം അനുസരിച്ചു ഈ രോഗപ്രതിരോധശേഷിയിൽ മാറ്റം വരാം.
കുട്ടികളിലും മുതിർന്നവരിലും പ്രതിരോധശേഷി കുറവായാണ് കാണപ്പെടുക. ഏത് പ്രായക്കാരിലായാലും ഇമ്മ്യൂണിറ്റി നമുക്ക് വർധിപ്പിക്കാൻ സാധിക്കും. പക്ഷേ, ചില കാര്യങ്ങൾ കൃത്യമായി ശീലിക്കണമെന്ന് മാത്രം.
ഉറക്കം
ഒരു വ്യക്തി ഒരു ദിവസം നിർബന്ധമായും 6 മണിക്കൂറെങ്കിലും ഉറങ്ങണം. കാരണം ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിൽ സൈറ്റോകീൻസ് എന്നൊരു പ്രോട്ടീൻ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ സൈറ്റോകീൻസ് പ്രധാന പങ്കുവഹിക്കുന്നുണ്ട്.
അതുപോലെതന്നെ ശരീരത്തിനും തലച്ചോറിനും മതിയായ വിശ്രമം ആവശ്യമാണ്. എങ്കിൽ മാത്രമേ കൃത്യമായ ഉപാപചയപ്രവർത്തനങ്ങൾ നടക്കുകയും അതുവഴി രോഗപ്രതിരോധശേഷി വർധിക്കുകയുമുള്ളൂ.
ധാരാളം വെള്ളം കുടിക്കുക
സാധാരണയായി ഒരു വ്യക്തി ഒരു ദിവസം 8 ഗ്ലാസ് (2ലിറ്റര്‍) വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം. ഇതുമൂലം ശരീരം ഹൈഡ്രേറ്റായി ഇരിക്കുകയും, സ്വാഭാവികമായും രോഗത്തിന് കാരണമായേക്കുന്ന ടോക്സിൻസുകളെയും, മറ്റേ രോഗാണുക്കളെയും ഇല്ലാതാക്കാനും സഹായിക്കുന്നു.
പോഷകാഹാരങ്ങൾ
നിശ്ചിത അളവിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻസ്, ഫൈബർ, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. അതുകൂടാതെ ദിവസവും ഭക്ഷണത്തിൽ പച്ചക്കറികൾ, ഇലക്കറികൾ, ഫലവർഗങ്ങൾ, ഡ്രൈ ഫ്രൂട്സ് എന്നിവയും ധാരാളമായി ഉൾപ്പെടുത്താൻ ശ്രമിക്കുക.
വ്യായാമം
ദൈനംദിന ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത കാര്യമാണ് വ്യായാമം. മിതമായ വ്യായാമമുറകളായ നടത്തം, ജോഗിങ്, സൈക്ലിങ്, നീന്തൽ എന്നിവ പതിവായി ചെയ്യുന്നതിലൂടെ ഇമ്മ്യൂണിറ്റി ബൂസ്റ്റർ സെൽസ് ഉല്പാദിപ്പിക്കപ്പെടുകയും അതുവഴി രോഗപ്രതിരോധശേഷി വർധിക്കുകയും ചെയ്യുന്നു.
ടെൻഷൻ കുറക്കുക
അമിതമായ ടെൻഷനും, ഉത്കണ്ഠകളും കുറക്കുവാൻ ശ്രമിക്കുക.കാരണം ടെൻഷൻ വർധിക്കുന്നതോടെ ഹോർമോൺ സന്തുലിതാവസ്ഥ തെറ്റുകയും അതുവഴി രോഗപ്രതിരോധശേഷി കുറയുവാനും സാധ്യതയുണ്ട്.
ശുചിത്വം
രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ വ്യക്തിശുചിത്വത്തിന് വലിയ പങ്കുണ്ട്. ദിവസേന കുളിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക, നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നീ കാര്യങ്ങളെല്ലാം വ്യക്തിശുചിത്വത്തിന്‍റെ ഭാഗമാണ്. കൂടാതെ ശ്രദ്ധിക്കേണ്ട കാര്യമാണ് പരിസരശുചിത്വം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രമിക്കുക.